കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കഗുളിക ചേര്‍ത്ത ചായ നല്കിയ ശേഷം തടവുചാടാന്‍ ശ്രമം. കണ്ണൂര്‍ ജില്ലാ ജയിലിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുകാര്‍ ചായയില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയത്. ഉദ്യോഗസ്ഥരെ മയക്കിയ ശേഷം ജയില്‍ ചാടാനാണ് ഇവര്‍ പദ്ധതിയിട്ടത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. അന്നേ ദിവസം ഡ്യൂട്ടിയിലൂണ്ടായിരുന്ന നാലു ഉദ്യോഗസ്ഥരുടെ ചായയില്‍ ഉറക്ക ഗുളിക ഇവര്‍ ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മൂന്ന് പേര്‍ക്ക് ചായനല്കി, മറ്റൊരു ഉദ്യോഗസ്ഥന് ഉറക്കത്തിലായിരുന്നു. ചായകുടിച്ചതോടെ ഉദ്യോഗസ്ഥര്‍ മയങ്ങുകയും താക്കോല്‍ കരസ്ഥമാക്കിയ തടവുകാര്‍ പ്രധാന ഗേറ്റിനടുത്തേയ്ക്ക് പുറത്തുപോകാനായി നടക്കുന്നതും സിസിടിവിയിലുണ്ട്.
എന്നാല്‍ ചായ കുടിക്കാതിരുന്ന ഉറക്കത്തിലായിരുന്ന ഉദ്യോഗസ്ഥന് ഈ സമയത്ത് ഉണരുകയും ഇവരെ കാണുകയും ചെയ്തതോടെയാണ് ജയില്‍പുള്ളികളുടെ പദ്ധതി പൊളിഞ്ഞത്. ചായകുടിച്ച ഒരു ഉദ്യോഗസ്ഥന് അസ്വസ്ഥതയുണ്ടായതോടെ ഡോക്ടറെ സമീപിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന് കരുതിയത്. സംഭവ ദിവസം അടുക്കളയില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലക്കേസ് പ്രതിയടക്കമുള്ള മൂന്ന് പേര് ചായയില്‍ വെളുത്തപോടി ചേര്‍ക്കുന്നത് കണ്ടെത്തിയത്. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.