കൊച്ചി: ഭക്ഷണത്തില്‍ തേരട്ടയെ കണ്ടെന്നു പരാതി. എറണാകുളം പറവൂരില്‍ നിന്ന് വാങ്ങിയ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് തേരട്ടയെ കണ്ടെന്നാണ് പരാതി. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാഞ്ഞാലി തേലത്തുരുത്തില്‍ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം. മസാല ദോശ കഴിച്ചു കൊണ്ടിരിക്കെ മസാലയിലാണ് ചത്ത തേരട്ടയെ കണ്ടത്. ഈ സമയത്തും ഹോട്ടലില്‍ നല്ല തിരക്കായിരുന്നു. കുടുംബം പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഹോട്ടലടച്ചു.
ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. രണ്ടുദിവസത്തേക്ക് ഹോട്ടല്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടുദിവസത്തിന് ശേഷം ഹോട്ടലിന്റെ അടുക്കള വൃത്തിയാണെന്ന് ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.