ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന് പിന്തുണയുമായി മരിച്ച മോഫിയയുടെ ഉമ്മ. ആലുവ സ്റ്റേഷനിലെ സമര സ്ഥലത്തെത്തിയ ഉമ്മ വിതുമ്പിക്കരഞ്ഞു. പൊലീസ് കരുണ കാട്ടിയിരുന്നെങ്കില്‍ മകള്‍ രക്ഷപെടുമായിരുന്നുവെന്ന് ഉമ്മ വിതുമ്പി. വേദിയിലുണ്ടായിരുന്ന നേതാക്കള്‍ ഉമ്മയെ ആശ്വസിപ്പിച്ചു.
പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റം ലഭിച്ച സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മരിക്കും മുമ്പ് മോഫിയയ്ക്ക് നീതി ലഭിച്ചില്ല. മരണ ശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പറഞ്ഞു.
സിഐ സിഎല്‍ സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടണമെന്ന് മോഫിയ പര്‍വീന്റെ ഉമ്മ ഫാരിസ. പൊലീസിന്റെ ഭാഗത്തു നിന്ന് വളരെ മോശമായ അനുഭവമാണ് മകള്‍ക്ക് ഉണ്ടായതെന്നും അതുകൊണ്ടാണ് അവള് ജീവനൊടുക്കിയതെന്നും ഉമ്മ പറഞ്ഞു.
അവളങ്ങനെ തളരുന്ന കുട്ടിയല്ല. വളരെ ബോള്‍ഡായ ഒരു കുട്ടിയാണ്. എന്റെ കണ്ണുനിറഞ്ഞാല്‍ എന്നെ സമാധാനിപ്പിക്കുന്ന കുട്ടിയാണ്. അന്നെന്നോട് അവള് പറഞ്ഞത്, സ്റ്റേഷനില്‍ വരണ്ട, പപ്പയുമായി പൊക്കോളാമെന്നാണ്. സ്റ്റേഷനിലേക്ക് പോകുന്നതിനാല്‍ അവള് നല്ല കോണ്‍ഫിഡന്റായിരുന്നു. താന്‍ ട്രോമയില്‍ നിന്ന് തിരിച്ചു വരികയാണെന്നും ഈ സമയത്ത് അവരെ കാണേണ്ടെന്നും സ്റ്റേഷനില്‍ നിന്ന് വിളിച്ചപ്പോള്‍ അവള് പറഞ്ഞിരുന്നു. സിഐയോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അവരെ നേരിട്ട് കാണേണ്ടിവരില്ലെന്നും പൊലീസ് ഉറപ്പു നല്കി.
എന്നാല്‍, സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഇവരെല്ലാവരെയും ഒരുമിച്ച് കയറ്റി. ഇവള്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ സ്വീകാര്യത പ്രതികള്‍ക്ക് നല്കി. ഇവളെ സംസാരിക്കാന്‍ സമ്മതിച്ചില്ല. അവന് അവളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു. ഇതൊക്കെ കേട്ട് പൊലീസുകാരന് പരിഹാസച്ചിരിയോടെ ഇരുന്നു. അതില്‍ അവള് തകര്‍ന്നു. വേറെ മാര്‍ഗങ്ങള്‍ ഇല്ലാതായപ്പോള്‍ അവള് പ്രതികരിച്ചു. അവള് കരഞ്ഞു കൊണ്ടാണ് വന്നത്. ഞാന്‍ ചോദിച്ചപ്പോള്‍ സ്റ്റേഷനില്‍ പ്രതികളല്ലാതെ മറ്റൊരാളുണ്ട്, അയാള്‍ സഖാവാണെന്നാണ് എനിക്ക് തോന്നുന്നത്. അവിടെ അങ്ങനെ പറഞ്ഞു കേട്ടു എന്ന് പറഞ്ഞു. (സുഹൈലിന്റെ) മൂത്ത പെങ്ങളെ വിവാഹം കഴിച്ചിരിക്കുന്നയാള്ക്കും പാര്‍ട്ടിയുമായി ബന്ധമുണ്ട്. അയാളും അയാളുടെ വാപ്പയുമാണ് മുത്തലാഖില്‍ ഒപ്പിട്ടത്.
അന്വേഷിച്ചിട്ട് നടപടിയെടുക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കില്‍ അവളിന്നും എന്നോടൊപ്പം ഉണ്ടായേനെ. സ്ഥലം മാറ്റിയാല്‍ വീണ്ടും അയാള്‍ പ്രശ്നമുണ്ടാക്കും. ഇവിടെ എന്നോട് വേറൊരു പെണ്‍കുട്ടി അവള്‍ക്ക് നേരിട്ട പ്രശ്നങ്ങള്‍ പറഞ്ഞിരുന്നു. അയാളെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഇനിയൊരു പെണ്‍കുട്ടിക്കും ഇതുപോലെ സംഭവിക്കാന്‍ പാടില്ല. അവന് വേരെ പെണ്‍കുട്ടികളുടെയും കാലനാവും. എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ല. ചിലപ്പോള്‍ എന്റെ ജീവിതം തീരും എന്നും മോഫിയയുടെ ഉമ്മ പറഞ്ഞു.