മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും.
2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി ആവശ്യപ്പെട്ടാല്‍ ജലനിരപ്പ് വിഷയത്തില്‍ പ്രത്യേക അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ് ഇന്ന് വാദം കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ കൈമാറും.
സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പും കോടതിയെ അറിയിക്കും.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്തയാണ്. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
അതിനിടെ, മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡാമിലെ ജലനിരപ്പ് 137.20 അടിയാണ്. ഡാമില്‍ നിന്ന് തമിഴനാട് കൊണ്ടുപോകുന്ന വെളത്തിന്റെ അളവ് സെക്കന്‍ഡില്‍ 2200 കുമിക്സ് ആയി തുടരുകയാണ്.
അതേസമയം പെന്‍സ്റ്റോക്ക് പൈപ്പ് വഴി കൂടുതല്‍ ജലം തമിഴ്നാട് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പീരുമേട് താലൂക്കില്‍ രണ്ട് കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.