കൊച്ചി: ചീഫ് വിപ്പ് പദവി സിപിഐ ഏറ്റെടുക്കുന്നത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കാബിനെറ്റ് പദവിയല്ലെ ചെലവുകള്‍ ഏറെയാകില്ലേ എന്ന ചോദ്യത്തിന് അത് പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസിലാക്കിയതിനു ശേഷം വിലയിരുത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനത്തിന്റെ വിശദീകരണം.
ഒല്ലൂര്‍ എംഎല്‍എ കെ.രാജനെ കാബിനെറ്റ് പദവിയോടെ ചീഫ് വിപ്പാക്കാന്‍ സിപിഐ തിങ്കളാഴ്ചയാണ് തീരുമാനമെടുത്തത്. ബന്ധുനിയമന വിവാദത്തെത്തുടര്‍ന്നു രാജിവച്ച ഇ.പി.ജയരാജനെ തിരികെ മന്ത്രിസ്ഥാനത്തേക്കു കൊണ്ടുവന്നപ്പോള്‍ സിപിഐക്കു സിപിഎം നല്കിയ വാഗ്ദാനമായിരുന്നു ചീഫ് വിപ്പ് സ്ഥാനം.
സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്ബോള്‍ കാബിനറ്റ് റാങ്കോടെ സ്ഥാനം ഏറ്റെടുത്തു ചെലവു കൂട്ടുന്നതു വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്നു കണ്ടാണ് ഒരു വര്‍ഷം മുമ്ബ് തീരുമാനിച്ച ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കാതിരുന്നത്. ജയരാജന് രാജിവച്ച ഒഴിവില്‍ എം.എം. മണിയെ സിപിഎം മന്ത്രിയാക്കി.
ബന്ധുനിയമന വിവാദ കേസില്‍ ജയരാജന് കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സിപിഎം വീണ്ടും മന്ത്രിയാക്കിയപ്പോഴാണു ചീഫ് വിപ്പ് സ്ഥാനം സിപിഐ ആവശ്യപ്പെട്ടത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കാബിനറ്റ് റാങ്ക് നല്കി പി.സി. ജോസ് ജോര്‍ജിനെ ചീഫ് വിപ്പ് ആക്കിയതില്‍ ശക്തമായ വിമര്‍ശനം നടത്തിയതു സിപിഐ നേതാക്കളായിരുന്നു.