ബാര്‍ കോഴയ്ക്കായി പണം പിരിക്കുന്നെന്ന ബാറുടമയുടെ ശബ്ദസന്ദേശം ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. എക്സൈസ് മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറി. മന്ത്രി എം ബി രാജേഷിന്റെ പരാതി ക്രൈംബ്രാഞ്ച് എ.ഡിജി.പിക്ക് കൈമാറി. പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണ രീതി ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും.
ഇടത് സര്‍ക്കാരിനു നേരെ അഴിമതിയുടെ സംശയമുന ഉയര്‍ത്തിയാണ് വീണ്ടും ബാര്‍കോഴ ആരോപണം. മദ്യനയത്തില്‍ ഇളവിന് പ്രത്യുപകാരമായി കോഴ നല്കാന് ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തുന്നുവെന്നാണ് സംഘടനാ നേതാവിന്റെ വെളിപ്പെടുത്തല്‍. എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും മന്ത്രിയുടെ രാജി ആവശ്യമില്ലെന്നും സിപിഐഎം വ്യക്തമാക്കി.