കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. നാല് പേരും രക്ഷപ്പെട്ടെങ്കിലും, കാർ ഉപയോഗശൂന്യമായ നിലയിലാണ്. പ്രദേശത്ത് ഇത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഗുഗിള്‍ മാപ്പ് നോക്കി വഴിതിരയുന്നവര്‍ക്കാണ് അബദ്ധം പിണയുന്നത്.
ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം അപകടത്തിൽപ്പെട്ടത്.ഇരുട്ടായതിനാൽ മുന്നിൽ വെളളമാണെന്നും മനസിലായില്ല. മഴ കനത്ത് പെയ്തതിനാൽ തോട് നിറഞ്ഞ് കവിഞ്ഞിരിക്കുകയായിരുന്നു. കനത്ത മഴയുണ്ടായിരുന്നതിനാല്‍ റോഡിലെ വെള്ളക്കെട്ട് ആണെന്നാണ് ആദ്യം കരുതിയത്. പിന്നീട് ആഴത്തിലേക്ക് പോയ കാര്‍ പൂര്‍ണമായി മുങ്ങുകയായിരുന്നു. മണിക്കൂറുകളോളം തോട്ടിലെ വെളളത്തിൽ മുങ്ങിക്കിടന്ന വാഹനം 11 മണിയോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തത്.