തിരുവനന്തപുരം: കേരളത്തിലെ മികച്ച കോളേജ് അധ്യാപകന് കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് വര്‍ക്കല ശ്രീ നാരായണ ട്രെയിനിംഗ് കോളേജിലെ ഡോ. എസ്. സ്മിത അര്‍ഹയായി. ഇരുപത്തിഅയ്യായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) സാബു തോമസ്, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ഡോ. എം. ഉസ്മാന് എന്നിവര്‍ അടങ്ങിയ സമിതിയാണ് ജേതാവിനെ കണ്ടെത്തിയത്.
കഴിഞ്ഞ 23 വര്‍ഷത്തെ അധ്യാപന പരിചയമുള്ള ഡോ. സ്മിത കേരള സര്‍വ്വകലാശാലയിലെ റിസര്‍ച്ച് ഗൈഡും, അറുപതോളം ഗവേഷണ പ്രബന്ധങ്ങളുടെ കര്‍ത്താവുമാണ്. കൂടാതെ, നാല് ഗവേഷണ പ്രോജക്ടുകള്‍ക്കും, മൂന്ന് ദേശീയ സെമിനാറുകള്‍ക്കും, അറുപതോളം ട്രെയിനിംഗ് പ്രോഗ്രാമുകള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുണ്ട്. സഹകരണ ഡിപ്പാര്‍ട്ട്മെന്റില്‍ സ്പെഷല്‍ഗ്രേഡ് ഓഡിറ്ററായി വിരമിച്ച പരേതനായ എ. ദാമോദരന്റെയും കൊല്ലം എസ്.എന്‍ കോളേജില്‍നിന്നും വിരമിച്ച പ്രൊഫ. ജി. സരസ്വതിയുടെയും മകളായ ഡോ. സ്മിത ആലപ്പുഴ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി എ. ആര് അനിലിന്റെ ഭാര്യയാണ്.