തിരുവനന്തപുരം: ഗതാഗതനിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേക സ്ക്വാഡിന് രൂപം നല്‍കും. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ചരക്ക് ലോറികളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗരേഖ പുറത്തിറക്കാനും യോഗം തീരുമാനിച്ചു. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് എന്‍ഫോഴ്സമെന്റ് ആര്‍ടിഒ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഡെപ്യൂട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇതിന്റെ ആധികാരികത പരിശോധിച്ചു.
കണ്ടെയ്നര്‍ ലോറി ഡ്രൈവറുടെ വീഴ്ചയാണ് അപകടത്തിന് വഴി വച്ചതെന്നാണ് കണ്ടെത്തല്‍. ഡ്രൈവര്‍ക്ക് വേണ്ടത്ര വിശ്രമം കിട്ടിയിട്ടില്ല. കണ്ടെയ്നര്‍ ശരിയായ രീതിയില്‍ ലോക്ക് ചെയ്തിരുന്നില്ല. കണ്ടെയ്നര്‍ ലോറി സര്‍വ്വീസുമായി ബന്ധപ്പെട്ട് നിലവില്‍ വ്യക്തമായ മാനദണ്ഡമില്ല. തൊഴില്‍ വകുപ്പും ഗതാഗത വകുപ്പും ചേര്‍ന്ന് ഇതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കും. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ദേശീയ പാതകളില്‍ 37 ഇടത്തും സംസ്ഥാന പാതകളില്‍ 11 ഇടത്തും ഡ്രൈവര്‍മാര്‍ക്ക് വിശ്രമ കേന്ദ്രങ്ങളൊരുക്കും.
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും 14 ജില്ലകളിലും പൊലീസും ഗതാഗതവകുപ്പും ചേര്‍ന്നുള്ള സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കും. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍മാര്‍ 8 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചായി ഡ്രൈവ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കും. കണ്ടെയ്നര്‍ ലോറികളില്‍ 2 ഡ്രൈവര്‍മാര്‍ വേണമെന്ന നിബന്ധന പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.