തിരുവനന്തപുരം: തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം ബഹുരാഷ്ട്ര കമ്ബനിയായ അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഇതുസംബന്ധിച്ച ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്തെത്തി. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി, ജിഎംആര്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരുന്ന വ്യാഴാഴ്ചയാണ്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ എല്‍ഡിഎഫ് തിങ്കളാഴ്ച വഞ്ചനാദിനം ആചരിക്കുന്നതിനിടെയാണ് നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിക്കുമെന്ന റിപ്പോര്‍ട്ട്. തിരുവനന്തപുരത്തിനൊപ്പം അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, മംഗലാപുരം എന്നിവയുടെയും നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് കിട്ടിയേക്കും. അതേസമയം ഗോഹട്ടി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേ ചെയ്തു.
തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുന്നതിനായി ലേലത്തില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളാണ് എയര്‍പോര്‍ട്ട് അഥോറിറ്റി ഇന്ന് പരിശോധിച്ചത്. ഫിനാന്‍ഷ്യല്‍ ബിഡില്‍ രണ്ടാമതെത്തിയ കെഎസ്ഐഡിസിക്ക് അദാനി ഗ്രൂപ്പുമായി പത്തുശതമാനം വ്യത്യാസമേയുള്ളു. അതിനാല്‍ റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ പ്രകാരം ഉയര്‍ന്നതുകയ്ക്ക് വീണ്ടും ക്വോട്ട് ചെയ്യാന്‍ സാധിക്കും.