ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മണ്ണഞ്ചേരി സ്വദേശി അതുല്‍ ആണ് പിടിയിലായവരില്‍ ഒരാള്‍. ഷാനെ കൊലപ്പെടുത്താനെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് അതുല്‍. കസ്റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഒരാള്‍ കസ്റ്റഡിയിലാകുന്നത് ഇതാദ്യമായാണ്.
പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്കിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരുടെ അറസ്റ്റ്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുമണിയോടെ മണ്ണഞ്ചേരിക്ക് സമീപമാണ് ഷാനിനു നേരെ ആക്രമണമുണ്ടാകുന്നത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. സാരമായി പരുക്കേറ്റ ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.