എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ടെന്ന് കെകെ രമ എംഎൽഎ. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ മരണം ആത്മഹത്യയല്ല എന്ന് തെളിയിക്കുന്ന ഒരുപാട് കാരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും ദിവ്യയുടെ പരാമർശത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഐഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെ. കെ രമ വിമർശിച്ചു.
ടി.പി.ചന്ദ്രശേഖരൻ കേസിലടക്കം പ്രതികൾക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നതെന്ന് രമ ചൂണ്ടിക്കാട്ടി. എഡിഎമ്മിനെ വാഹനത്തിൽ കൊണ്ടുപോയി ഇറക്കി വിട്ടു എന്നാണ് ഡ്രൈവർ പറഞ്ഞത്. എഡിഎം സുഹൃത്തിനെ കണ്ട് സംസാരിച്ചു എന്നും മൊഴിയുണ്ട്. ഈ സുഹൃത്തിൻറെ ഫോൺ കോളുകൾ പരിശോധിച്ചോ? ഇത് ആത്മഹത്യയാണ് എന്ന് നമുക്ക് വിശ്വസിക്കാൻ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു.