പാലാരിവട്ടം മേല്‍പ്പാലം ഒക്ടോബര്‍ പത്തുവരെ പൊളിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് വാക്കാല്‍ നിര്‍ദേശം നല്കി. തിരുമാനവുമായി സര്‍ക്കാരിന് മുന്നോട്ടു പോവാം. പക്ഷെ പൊളിക്കല്‍ നടപടി തല്ക്കാലം പാടില്ലെന്നാണ് നിര്‍ദേശം. പാലം പൊളിക്കരുതെന്നാവശ്യപ്പെട്ട് നല്കിയ രണ്ടു ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോര്‍ട്ടുകളും വിശദാംശങ്ങളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരെന്തു പറഞ്ഞാലും പാലാരിവട്ടം പാലം തകര്‍ന്നില്ലേയെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പാലം നിര്‍മിതിയില്‍ അഴിമതിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.