തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്റെ 15 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടി. മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് ബിനാമി ഇടപാടുകള്‍ നടന്നതെന്നും ഇ.ഡി. പറയുന്നു. എ.സി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ മരവിപ്പിക്കുകയും ചെയ്തു.
കരുവന്നൂര്‍ ബാങ്കില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്ഡും. തട്ടിപ്പ് കേസില്‍ 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇവ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ എ.സി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. ഇതിന്റെ കണക്ക് കാണിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് നടപടി.
മൊയ്തീനും കൂട്ടാളികള്‍ക്കുമായി ബാങ്കിലുള്ളത് നിരവധി വായ്പകള്‍. ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് ബിജോയ് എന്നയാളാണെന്നാണ് കണ്ടെത്തല്‍. 30 കോടി രൂപ വിലമതിക്കുന്ന തട്ടിപ്പുകളാണ് ഇയാള്‍ നടത്തിയത്. ബാങ്കില്‍നിന്ന് നഷ്ടപ്പെട്ടവയില്‍ ഭൂരിഭാഗം തുകയും ബിനാമി ഇടപാടുകള്‍ വഴിയാണെന്നും ഇ.ഡി. കണ്ടെത്തി.
കഴിഞ്ഞദിവസം റെയ്ഡ് നടത്തിയ എ.സി. മൊയ്തീന്റെ ബിനാമി എന്നു സംശയിക്കുന്ന അനില്‍ സേഠിനുമാത്രം ഏകദേശം 40 വായ്പകളുണ്ട്. പല വായ്പകള്‍ക്കും ഇയാള്‍തന്നെയാണ് ജാമ്യം നിന്നതെന്നും ഇ.ഡി. കണ്ടെത്തി. സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലും സമാനമായ രീതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന് ഉള്‍പ്പെടെയുള്ളര്‍ക്ക് നോട്ടീസ് നല്കി ചോദ്യംചെയ്യാനായി കൊച്ചിയിലെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തും. പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എസി മൊയ്തീന്റെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിച്ചു.