കൊച്ചി: നയതന്ത്ര പാഴ്സലുകളെത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ മൊഴി നല്കിയ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ എന്‍ഐഎ വിളിച്ചുവരുത്തി. മന്ത്രി കെ.ടി ജലീലിന്റെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്തിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ എന്‍.ഐ .എ കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. ഔദ്യോഗിക വാഹനത്തിലാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ എന്‍ഐഎയുടെ കടവന്ത്രയിലുള്ള ഓഫീസില്‍ എത്തിയത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്തിന്റെ അറിവോടെ നയതന്ത്ര പാഴ്സലുകള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍ കുമാര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ കുരുക്കിലാക്കി സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെയാണ് കസ്റ്റംസ് യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് ഇറക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍, സംസ്ഥാനത്തിന്റെ അറിവോടെയാണ് നയതന്ത്ര പാഴ്സലുകള്‍ എത്തിയതെന്നായിരുന്നു മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞിരുന്നത്. കസ്റ്റംസ് മാനുവല്‍ പ്രകാരം നയതന്ത്ര ബാഗേജ് ഉള്‍പ്പെടെയുള്ള എല്ലാബാഗേജുകള്ക്കും ഇറക്കാനുള്ള അപേക്ഷയില്‍ പ്രോട്ടോകോള്‍ ഓഫീസറുടെ കൗണ്ടര്സീലും ഒപ്പും ആവശ്യമാണ്. ഇതില്ലാത്ത ബാഗേജുകള്‍ ഇറക്കാന്‍ അനുമതി ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.