കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ പരിശോധന മൂലം ഒരു പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അപകടങ്ങൾ കുറയുമ്പോൾ നൽകേണ്ട കോമ്പൻസേഷൻ തുകയും കുറയും. അപകടങ്ങൾ കുറഞ്ഞതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടായത്. കെഎസ്ആര്‍ടിസി സര്‍വ്വീസ് റദ്ദാക്കല്‍ കുറച്ചു, പരമാവധി വാഹനങ്ങള്‍ റോഡില്‍ ഇറക്കി, മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് സസ്പെന്ഷന് എന്നതടക്കമുള്ള പരിഷ്കാരങ്ങളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഈ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി പതിനഞ്ച് ആഴ്ച്ചകള്‍ക്കകം വാഹനാപകടങ്ങള്‍ കുറഞ്ഞു.പരിശോധന നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ കുറവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം തീർത്തു കൊടുക്കാനുള്ള കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു.