വയനാട്: വയനാട് അമ്പലവയലിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി സജീവാനന്ദിനായി പൊലീസ് തിരച്ചിൽ തുടരുന്നു. ഫോണ് ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയൽ പൊലീസിന്റെ നിഗമനം. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അടക്കം പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ അഭിഭാഷകനെ കണ്ട് സംസാരിച്ചെന്നും അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് ഒളിവിൽ പോയതെന്നുമാണ് വിവരം. വൈകാതെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അതേസമയം മർദ്ദനമേറ്റ ദമ്പതികളെ കണ്ടെത്താനും ശ്രമവും തുടരുകയാണ്. ഇവർ പാലക്കാട് സ്വദേശികൾ ആണെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
ഞായറാഴ്ച്ച രാത്രി അമ്പലവയൽ ടൗണിൽ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദൻ ക്രൂരമായി മർദ്ദിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൂന്നാംദിവസമാണ് പൊലീസ് കേസെടുത്തത്. തന്റെ ഭർത്താവാണ് ഇയാളെന്നും ആരെങ്കിലും സഹായിക്കണമെന്നും യുവതി കേണപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.