വയനാട്: അമ്പലവയലിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകന് സജീവാനന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഭിഭാഷകൻ മുഖേനയാണ് സജീവാനന്ദൻ കൽപറ്റ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. സജീവാനന്ദിനായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ട് പോയിട്ടില്ലെന്നാണ് അമ്പലവയൽ പൊലീസിന്റെ നിഗമനം. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അടക്കം പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു.
ഞായറാഴ്ച്ച രാത്രി അമ്പലവയൽ ടൗണിൽ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദൻ ക്രൂരമായി മർദ്ദിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൂന്നാംദിവസമാണ് പൊലീസ് കേസെടുത്തത്. തന്റെ ഭർത്താവാണ് ഇയാളെന്നും ആരെങ്കിലും സഹായിക്കണമെന്നും യുവതി കേണപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
മർദ്ദനമേറ്റ് അവശരായ ഇരുവരെയും നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുക്കാന്‍ നിർബന്ധിച്ചെങ്കിലും ഇരുവരും തയ്യാറായില്ല. പരാതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സജീവാനന്ദിനെ നടപടിയൊന്നുമെടുക്കാതെ വിട്ടയച്ച് അമ്പലവയല്‍ പൊലീസ് സംഭവം ഒതുക്കാന്‍ ശ്രമിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു.