തിരുവനന്തപുരം: സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ലെന്നും ഡ്രൈഡേ പിന്‍വലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാര്‍ത്തകള്‍ വിശ്വസിച്ച് അവസരം മുതലെടുക്കാന്‍ ചില കുബുദ്ധികള്‍ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാനെന്നും ഇക്കാര്യത്തില്‍ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മുതലെടുപ്പിന് ഇറങ്ങിയവരും പണം നല്‍കുന്നവരും കുടുങ്ങുമെന്നും എം ബി രാജേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഡ്രൈഡേ പിന്‍വലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. ഈ വര്‍ഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തില്‍ വാര്‍ത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം. ഈ വാര്‍ത്തകള്‍ വിശ്വസിച്ച് അവസരം മുതലെടുക്കാന്‍ ചില കുബുദ്ധികള്‍ ഇറങ്ങിത്തിരിച്ചു എന്നുവേണം അനുമാനിക്കാന്‍. ഇക്കാര്യത്തില്‍ അന്വേഷണവും ശക്തമായ നടപടിയുമുണ്ടാവും. നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, മുതലെടുപ്പിന് ഇറങ്ങിയവരും പണം നല്‍കുന്നവരും കുടുങ്ങും.
ബാറുകാരെ സര്‍ക്കാര്‍ സഹായിച്ചിട്ടുണ്ടോ?
ബാറുകാരെ സര്‍ക്കാരിന് ഏറ്റവുമധികം സഹായിക്കാനാവുക ലൈസന്‍സ് ഫീസിന്റെ കാര്യത്തിലാണ്. 2016ല്‍ 23 ലക്ഷം ആയിരുന്നു ലൈസന്‍സ് ഫീസ്. 2011-16ലെ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് ലൈസന്‍സ് ഫീസ് ഒരു ലക്ഷം മാത്രമാണ് കൂട്ടിയത്. ഇപ്പോള്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാണ്. 8 വര്‍ഷത്തിനിടെ 12 ലക്ഷത്തിന്റെ, അതായത് അന്‍പത് ശതമാനത്തിലേറെ വര്‍ധനവ്. കഴിഞ്ഞ മദ്യനയത്തില്‍ മാത്രം 5 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. ഇത്രയുമേറെ ഫീസ് കൂട്ടിയ സര്‍ക്കാര്‍ ബാറുടമകളെ സഹായിക്കുന്നുവെന്ന് എങ്ങനെ ആരോപിക്കും?
കുറ്റകരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ യു ഡി എഫ് കാലത്ത് പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ അത് ലൈസന്‍സ് റദ്ദാക്കലും പിഴയുമായി മാറ്റി. പിഴ യു ഡി എഫ് കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂട്ടി. ഈ സര്‍ക്കാര്‍ അത് വീണ്ടും ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ആദ്യം സസ്പെന്ഷന്, അതുകഴിഞ്ഞ് പിഴ. സസ്പെന്ഷന് ഇല്ലാതെ വാങ്ങിയ പിഴയുടെ ഇരട്ടിയാണ് സസ്പെന്ഷന് ശേഷമുള്ള പിഴ.
ഈ സര്‍ക്കാര്‍ എക്സൈസ് പരിശോധന എല്ലായിടത്തും കര്‍ശനമാക്കി. നിയമലംഘനങ്ങള്‍ കണ്ടാല്‍ കര്‍ശനമായ നടപടികളും സ്വീകരിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 52 കേസുകളാണ് ഇങ്ങനെ എടുത്തത്, ഇതില്‍ 32 ബാറുകളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതുവരെ രണ്ട് ബാറുകള്‍ നിര്‍ത്തലാക്കിയിട്ടുമുണ്ട്.
ബിവറേജസ് ഔട്ട് ലെറ്റുകളുടെ എണ്ണം, കള്ള് വ്യവസായത്തിന്റെ പ്രോത്സാഹനം തുടങ്ങിയ എല്ലാ വിഷയത്തിലും ബാറുടമകളുടെ താല്പര്യത്തിന് സര്‍ക്കാര്‍ നിന്നുകൊടുത്തിട്ടില്ല എന്ന് ആര്‍ക്കും മനസ്സിലാകും.
കേരളത്തെ മദ്യത്തില്‍ മുക്കുന്നുവെന്ന ആരോപണം
ബാറുകളും ബെവ്കോ ഔട്ട്ലറ്റുകളും പൂട്ടി മദ്യ നിരോധനം നടപ്പിലാക്കി എന്ന് അവകാശപ്പെടുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2012-13ല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പ്പന 244.33 ലക്ഷം കെയ്സായിരുന്നു. 2022-23ല്‍ ഇത് 224.34 ലക്ഷം കെയ്സായി കുറയുകയാണ് ഉണ്ടായത്. 10 വര്‍ഷം വ്യത്യാസത്തില്‍ രണ്ട് സാമ്പത്തിക വര്‍ഷത്തെ താരതമ്യമെടുത്താല്‍ കുറവ് 19.99 ലക്ഷം കെയ്സിന്റേത്, അഥവാ 8.1 ശതമാനത്തിന്റേത്.
സര്‍ക്കാരിന്റെ വരുമാനത്തില്‍ മദ്യവരുമാനത്തിന്റെ പങ്ക് കുറയുകയാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. 2012-13ല്‍ എക്സൈസ് തീരുവയും വില്‍പ്പന നികുതിയും ഉള്‍പ്പെടെ മദ്യത്തില്‍ നിന്നുള്ള വരുമാനം ആകെ വരുമാനത്തിന്റെ 18.21 ശതമാനമായിരുന്നു. 2022-23 എത്തുമ്പോള്‍ ഇത് 13.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. 10 വര്‍ഷം കൊണ്ട് മദ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ 4.8 ശതമാനം കുറവാണുണ്ടായത്. സംസ്ഥാനത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചല്ല എന്ന് ചുരുക്കം.
പ്രതിപക്ഷ ആരോപണങ്ങള്‍
1. ഐടി പാര്‍ക്കുകളില്‍ മദ്യം വിറ്റ് ബാറുടമകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് പണപ്പിരിവ് എന്നാണ് സുധാകരന്റെ ആരോപണം. വസ്തുതകളുമായി ഒരു ബന്ധവുമില്ലാതെ ആരോപണം ഉന്നയിക്കുകയാണ് കെ പി സി സി അധ്യക്ഷന്‍. പ്രതിപക്ഷ നേതാവ് പോലും ഇത് രണ്ടും തമ്മില്‍ ബന്ധമില്ല എന്ന് ഇന്ന് പറഞ്ഞിട്ടുണ്ട്. ഐ ടി പാര്‍ക്കുകളിലെ മദ്യ വിതരണവും ബാറുകളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്?
ഐടി പാര്‍ക്കിലെ മദ്യം സംബന്ധിച്ച് രണ്ടുവര്‍ഷം മുന്‍പ് മദ്യനയത്തില്‍ പ്രഖ്യാപിച്ചതാണ്. ഇതുസംബന്ധിച്ചും തെറ്റായ വാര്‍ത്തകള്‍ ഇപ്പോള്‍ വരുന്നുണ്ട്. നിയമസഭാ സമിതി ഇപ്പോള്‍ ചേര്‍ന്നു അനുമതി നല്കി എന്ന നിലയിലാണ് വാര്‍ത്തകള്‍. പെരുമാറ്റ ചട്ടം നിലനില്‍ക്കെ ഇത്തരം യോഗങ്ങള്‍ കൂടാനാവില്ല എന്നും തീരുമാനം എടുക്കാനാവില്ല എന്നും എങ്കിലും ആലോചിക്കേണ്ടതല്ലേ? ഇതുസംബന്ധിച്ച് ഇന്നലെ മന്ത്രിതല സമിതി ചേര്‍ന്നു എന്ന വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചില്ലേ? സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ഇപ്പോഴും ഈ വിഷയത്തിലെ തുടര്‍നടപടികള്‍. നിലവില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ചേ അല്ല ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും ധാരണകളും എന്ന കാര്യം മാത്രം സൂചിപ്പിക്കട്ടെ.
2. ടേണ്‍ ഓവര്‍ ടാക്സുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ബാറുടമകളെ സഹായിക്കുന്നുവെന്നാണ് തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പരിശോധന നടത്തുന്നില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. ഈ കഴിഞ്ഞ മാര്‍ച്ച് മാസം മാത്രം ബാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ 3.05 കോടിയുടെ ടേണ്‍ ഓവര്‍ ടാക്സ് തട്ടിപ്പാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള പരിശോധന ശക്തവും കൃത്യവുമായി നടക്കുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് ഉറപ്പാക്കുന്നുണ്ട്. ടേണ്‍ ഓവര്‍ ടാക്സ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള നടപടികളും കാര്യക്ഷമമായി പുരോഗമിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ എല്ലാ വിഭാഗത്തിനും ആംനെസ്റ്റി കൊടുത്തപ്പോഴും, ബാറുടമകള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയില്ല. പകരം നികുതി കുടിശികയുള്ള ബാറുടമകള്‍ക്ക് എതിരെ ജപ്തി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുമുണ്ട്.