കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി വി.എസ്. ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്കി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഏഴുകൊല്ലത്തിനു ശേഷമാണ് ശിവകുമാര്‍ ഇപ്പോള്‍ ഇ.ഡി. നടപടികള്‍ നേരിടേണ്ടി വരുന്നത്. ഇതൊരു വലിയ കേസ് ആണെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ പറയുന്നത്.
2020-ല്‍ ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ ബിനാമികള്‍ എന്ന് കരുതപ്പെടുന്നവരുടെയും വീടുകളിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിന് വരവില്‍ കവിഞ്ഞ സ്വത്ത്, ബിനാമി ഇടപാട്, കള്ളപ്പണ ഇടപാട് തുടങ്ങിയവ ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ആ വിജിലന്‍സ് കേസിന്റെ ബലത്തിലാണ് ഇ.ഡി. ഇപ്പോള്‍ ശിവകുമാറിനെതിരേ നടപടികള്‍ കൈക്കൊള്ളുന്നത്. മുന്‍പ് ഏപ്രില്‍ 20-നാണ് ഇ.ഡി. ശിവകുമാറിന് നോട്ടീസ് അയച്ചത്. എന്നാല്‍ അന്ന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ചോദ്യംചെയ്യല്‍ നീട്ടിവെപ്പിക്കുകയായിരുന്നു.