ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ചത് തന്നെയെന്ന് ഭര്‍ത്താവ്. ചോദ്യം ചെയ്യലിലാണ് ഉത്രയുടെ ഭര്‍ത്താവായ സൂരജ് കുറ്റം സമ്മതിച്ചത്. പാമ്പിനെ 10,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നും ഇയാള്‍ സമ്മതിച്ചു. ഇതോടെ അഞ്ചല്‍ ഏറം വെള്ളിശേരിയില്‍ ഉത്ര(25)യുടെ മരണം കൊലപാതകം തന്നെയെന്ന് പോലീസ് കണ്ടെത്തി. സൂരജിന്റെ സുഹൃത്ത്, ബന്ധു എന്നിവരും കസ്റ്റഡിയിലാണ്. മൂന്നു പേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നാണ് വിവരം. മേയ് ഏഴിനാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി തല്ലികൊല്ലുകയും ചെയ്തിരുന്നു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് യുവതി മരിച്ചത്.
യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. ഇതും സൂരജ് തന്നെയാണ് ചെയ്തത്. നേരത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ്കടിയേല്‍ക്കുകയും പിന്നീട് പാമ്പിനെ വീടിന്റെ സമീപത്തായി കാണുകയും ചെയ്തതതോടെ ഉത്ര സുരക്ഷയ്ക്കായി സ്വന്തം വീട്ടില്‍ എത്തുകയായിരുന്നു. ഉത്രയെ പാമ്പു കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു. സൂരജ് ഉത്രയുടെ വീട്ടില്‍ എത്തിയപ്പോള്‍ കൈയ്യില്‍ ഒരു ബാഗിലുണ്ടായിരുന്നുവെന്നും അതില്‍ പാമ്പ് തന്നെയാണെന്നും എല്ലാവരും സംശയിച്ചിരുന്നു. എ. സി മുറിയില്‍ പാമ്പ് കയറുകയില്ലെന്നതും സംശയം വര്‍ധിപ്പിച്ചു. ഭര്‍ത്താവ് എന്തിനാണ് ഉത്രയെ കൊന്നതെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമാകും.
രണ്ടുതവണ പാമ്പുകടിച്ചതും മകളുടെ മരണവും അസ്വഭാവികതയാണെന്ന് കാട്ടി കൊല്ലം റൂറല്‍ എസ്പിക്ക് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു എസ്പി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ഇന്ന് രാവിലെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. 2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വര്‍ണവും ലക്ഷകണക്കിന് രൂപയും കാറുമള്പ്പടെ സൂരജിന് നല്‍കിയാണ് ഉത്രയുടെ മാതാപിതാക്കള്‍ മകളെ പറഞ്ഞയച്ചത്. ഉത്രയ്ക്ക് ഒന്നരവയസുള്ള ഒരു കുട്ടിയുമുണ്ട്. സ്ത്രീധനം പോരായെന്ന് പറഞ്ഞ് സൂരജ് ഉത്രയെ പീഡിപ്പിച്ചിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.