തിരുവനന്തപുരം: ചേങ്ങോട്ടുകോണത്തെ അയ്യങ്കോയിക്കൽ ലൈനിലെ ‘രോഹിണി’ എന്ന വീട്ടിൽ ഒരു വിനോദയാത്ര കഴിഞ്ഞ് ഓടിയെത്തേണ്ടിയിരുന്ന മകനും ഭാര്യയും, മുറ്റത്ത് ചിരിച്ച് കളിക്കേണ്ടിയിരുന്ന അവരുടെ മൂന്ന് കുഞ്ഞുങ്ങളും ഇനി വരില്ല.. ഇവർ ജീവനറ്റ് തിരികെയെത്തിയത് കണ്ട് ഹൃദയം നുറുങ്ങിയാണ് ആ അച്ഛനുമമ്മയും ബന്ധുക്കളുമിരുന്നത്. രാവിലെ പത്തരയോടെ ചിതയിൽ പ്രവീണും ഭാര്യയും എരിഞ്ഞടങ്ങി. അവരുടെ ചിതകൾക്ക് നടുവിൽ ഒരൊറ്റ കുഴിമാടത്തിൽ മൂന്ന് കുഞ്ഞുങ്ങളെയും സംസ്കരിച്ചു. വിങ്ങിപ്പൊട്ടി അവരെ കാണാൻ ഒരു നാട് മുഴുവനെത്തി.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ചേങ്ങോട്ടുകോണം സ്വദേശിയും ദുബായിൽ വ്യവസായിയുമായിരുന്ന പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെയും മൃതദേഹങ്ങൾ എത്തിച്ചത്. കാഠ്മണ്ഡുവിൽ നിന്ന് ദില്ലിയിലേക്കും, അവിടെ നിന്ന് തിരുവനന്തപുരത്തേക്കും എത്തിക്കുകയായിരുന്നു.
തുടർന്ന് രാത്രി മൃതദേഹങ്ങൾ സൂക്ഷിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. അവിടെ നിന്ന് രാവിലെ എട്ട് മണിയോടെ എല്ലാവരുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. അഞ്ച് ആംബുലൻസുകളിലായി വെവ്വേറെയാണ് മൃതദേഹങ്ങൾ എത്തിച്ചത്.
തുടർന്ന് അഞ്ച് പേരുടെയും മൃതദേഹങ്ങൾ ഒന്നരമണിക്കൂർ നേരം പൊതുദർശനത്തിന് വച്ചു. ഒരു നാട് മുഴുവനെത്തി അവസാനമായി ഇവരെ ഒരു നോക്ക് കാണാൻ. ബന്ധുക്കളും, കുഞ്ഞുങ്ങളോടൊപ്പം ഓടിക്കളിച്ച കളിക്കൂട്ടുകാരും, സൂഹൃത്തുക്കളും, ഒടുവിൽ അച്ഛനുമമ്മയും. ഓരോരുത്തരുമെത്തിയപ്പോഴും, നിലവിളികൾ ഉയർന്നു കേട്ടു. അത്യന്തം വികാരഭരിതമായ രംഗങ്ങളായിരുന്നു അവിടെ. വേദനാജനകമായ കാഴ്ചകൾ.