എ.ഡി.ജി.പി എം ആര് അജിത് കുമാറിനെതിരെ ആരോപണവുമായി എ.ഡി.ജി.പി പി വിജയന്. സ്വര്‍ണക്കടത്ത് കേസില്‍ അജിത് കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്നാണ് ആരോപണം. ഡിജിപിക്ക് നല്കിയ പരാതിയിലാണ് പി വിജയന് ആരോപണം ഉന്നയിക്കുന്നത്.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐ.ജി.ആയിരിക്കെ പി. വിജയന് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു ഡിജിപിക്ക് അജിത് കുമാര്‍ നല്കിയ മൊഴി. ഇതിനെതിരായാണ് നിലവിലെ ഇന്റലിജന്‍സ് എ.ഡി.ജി.പി പി. വിജയന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. അജിത് കുമാര്‍ കള്ളമൊഴി നല്‍കിയെന്നും നടപടി വേണമെന്നുമാണ് ആവശ്യം. പരാതി ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
പി വിജയന് എതിരായ അജിത് കുമാറിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരോ ഡി.ജിപിയോ മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ഐജിയായിരുന്നപ്പോള്‍ പി വിജയന് സസ്പെന്‍ഷനിലേക്ക് പോകാന്‍ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്ന എംആര്‍ അജിത്കുമാര്‍ നല്കിയ റിപ്പോര്‍ട്ടാണ്. ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു പി.വിജയന് എതിരായ റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് സസ്പെന്ഷന് പിന്‍വലിക്കുയും എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ആയിരുന്നു.