വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. വമ്പൻ റോഡ് ഷോയോടെയാവും പ്രിയങ്കയുടെ പത്രികാ സമർപ്പണം. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി.
പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുൽ ഗാന്ധിയും ഖാർഗെയും ബത്തേരിയിലെത്തിയത്. വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലനില്ക്കാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നുമാണ് രാഹുല്‍ എക്സില്‍ കുറിച്ചത്.
അതേസമയം, ചേലക്കരയിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികൾ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു.ആര്. പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാർത്ഥി എത്തും. എൻഡിഎ സ്ഥാനാര്‍ഥി കെ.ബാലകൃഷ്ണൻ പതിനൊന്നര മണിക്കും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും.