മഞ്ചേരി: കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട പ്രതിക്ക് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചു. പോത്തുകല്ല് ഭൂദാനം കവളപ്പാറ സ്വദേശി ശങ്കരന്‍കുട്ടിക്കാണ് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട തടവു ശിക്ഷ അനുഭവിക്കുകയാണ് ശങ്കരന്‍കുട്ടി. കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടതിന് പിന്നാലെ മറ്റ് ബന്ധുക്കളെ കാണാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ശങ്കരന്‍കുട്ടി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ ശങ്കരന്‍കുട്ടിയുടെ സഹോദരി ശാന്തകുമാരി, ഭര്‍ത്താവ് ആനക്കാരന് പാലന്, മകന് സുജിത്ത്, ഭാര്യയുടെ മാതാപിതാക്കളായ തരകന്, ചീര എന്നിവര്‍ മരിക്കുകയും വീട് പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ജില്ലാ ജഡ്ജി പരോള്‍ അനുവദിച്ചത്. ഭൂദാനം സെന്റ് ജോര്‍ജ് മലങ്കര കാത്തലിക് സ്കൂളിലെ ക്യാമ്ബില്‍ കൊണ്ടുപോവാനും, ബന്ധുക്കളെ കാണാനുമുള്ള അവസരം ഒരുക്കാനും പൊലീസിന് ജില്ലാ ജഡ്ജി നിര്‍ദേശം നല്കി.
കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട പ്രതിക്ക് ഒരു ദിവസത്തെ പരോള്‍
by വൈ.അന്‍സാരി
by വൈ.അന്‍സാരി