പറവൂര്‍: മുനമ്പം അഴിമുഖത്തിനരികെ കൊടുങ്ങല്ലൂര്‍ കായലിലെ സത്താര്‍ ദ്വീപില്‍ ഷിപ്പ്യാര്ഡ് സ്ഥാപിക്കുന്നതു സംബന്ധിച്ച് പ്രാഥമിക പരിശോധനയും ചര്‍ച്ചയും തുടങ്ങി. കേരള മാരിടൈം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ദ്വീപ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തേ വിശദമായ വിവരങ്ങള്‍ സഹിതം ഗോതുരുത്ത് തച്ചേരി ജെന്‍സി ഗില്‍സ് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണവും തുടര്‍ നടപടികളും ഉണ്ടായിട്ടുള്ളത്.
വടക്കേക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ സത്താര്‍ ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ് ജില്ലയില്‍ മറ്റൊരു ഷിപ്പ്യാര്‍ഡിനു കൂടി സാധ്യത ഉണ്ടാക്കിയിരിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയില്‍പ്പെട്ട പ്രദേശത്തെ പുരാതന സ്പൈസസ് റൂട്ട് (സുഗന്ധവ്യഞ്ജന പാത) കൂടി പരിഗണിക്കുന്നതിനാല്‍ ഇവിടെ ഷിപ്പ്യാര്ഡ് വന്നാല്‍ പ്രദേശത്ത് വലിയ വികസന സാധ്യതകളുണ്ടാകും. സ്ഥലം ഷിപ്പ്യാര്ഡിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കാനുള്ള വിശദമായ പഠനം ആവശ്യമാണ്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാരിടൈം ബോര്‍ഡ് തുറമുഖ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിക്കഴിഞ്ഞു.
താമസിക്കുന്നത് 114 കുടുംബങ്ങളിലായി ആയിരത്തില്‍ താഴെ ആളുകള്‍
സുനാമിയും പ്രളയവും വന്ന ശേഷം ദ്വീപും അവിടത്തെ ജനതയും അനുദിനം ദുരവസ്ഥയിലാണ്. 114 കുടുംബങ്ങളിലായി ആയിരത്തില്‍ താഴെ ആളുകളാണ് ഇവിടെ താമസിക്കുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കംമൂലം ജനജീവിതം ദുസ്സഹമാണ്. അധികൃതരുടെ അനാസ്ഥയും സംരക്ഷണമില്ലായ്മയുമാണ് ദ്വീപിന്റെ നാശത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
സുനാമി വന്ന ഘട്ടത്തില്‍തന്നെ ചിറകള്‍ തകര്‍ന്നിരുന്നു. സ്ഥിരമായി വെള്ളപ്പൊക്കം വരുന്നതോടെ മണ്ണൊലിച്ചുപോയി മറ്റും ദ്വീപ് മുങ്ങിക്കൊണ്ടിരിക്കുകയാണ്. ദ്വീപിലേക്കു പോകാന്‍ വീതികുറഞ്ഞ ഒരു ചെറുപാലം മാത്രമാണുള്ളത്. വൈദ്യുതിയും പൈപ്പ് വെള്ളവുമുണ്ടെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുംതന്നെയില്ല. ടാര്‍ റോഡുപോലും ഇല്ല. വഴികളില്‍ വെള്ളക്കെട്ടും ചെളിയുമാണ്.
അബ്ദുള്‍ സത്താര്‍ ഹാജി മൂസാ സേട്ട് ധര്‍മസ്ഥാപനം വക സ്ഥലമാണ് ഈ ദ്വീപ്. കൂടാതെ കുടികിടപ്പ് അവകാശം കിട്ടിയ 114 വീട്ടുകാര്‍ക്കും സ്ഥലമുണ്ട്. ദ്വീപ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുവായ ആവശ്യത്തിനുവേണ്ടി സര്‍ക്കാരിന് ഇത് ഏറ്റെടുക്കാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്.