തൃശ്ശൂർ: അതിഥികൾക്ക് പൂമാലയും പൊന്നാടയും മൊമെന്റോകളും സമ്മാനിക്കുന്നത് ഒരു സ്ഥിരം ചടങ്ങാണ്. ഇതിന് നിമിഷ നേരത്തിന്റെ ആയുസ്സേ ഉള്ളൂവെങ്കിലും ഈ പൊതുമര്യാദകൾ ഒരു ആചാരം പോലെ കൊണ്ടുനടക്കുകയാണ്.
എന്നാൽ പുതിയൊരു മാറ്റത്തിന് വഴിതെളിക്കുകയാണ് തൃശ്ശൂർ എംപിയായ ടിഎൻ പ്രതാപൻ. ഇനി മുതൽ തനിക്ക് പൊന്നാടയും പൂമാലയും മൊമെന്റോകളും നൽകേണ്ടെന്നും പകരം പുസ്തകങ്ങൾ മതിയെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങിനെ
പാർലമെൻറ് അംഗമെന്ന നിലയിൽ ഞാൻ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതി. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകൾക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കിൽ ഏതുകാലത്തും ശാശ്വതമായി നിലനിൽക്കുന്ന അറിവിൻറെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.
ഈ അഞ്ചു വർഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എൻറെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദർശിനി സ്മാരക സമിതിക്ക് കീഴിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തിൽ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്കാരം നമുക്ക് വളർത്താം.