കൊല നടന്ന് പതിമൂന്നാം നാള് പ്രതിയെ പിടിച്ച ആശ്വാസത്തിലാണ് അന്വേഷണ സംഘം. പ്രതിയെ തേടി പൊലീസ് സംഘം സഞ്ചരിച്ചത് ദുര്‍ഘട വഴികളിലൂടെയാണ്. പ്രതിയുടെ കയ്യില്‍ ഫോണില്ല. വീടുമായി ബന്ധമില്ല. ലഭിച്ച വിവരങ്ങള്‍ പലതും തെറ്റ്. പൊലീസിനെ വഴി തെറ്റിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഒടുവില്‍ തേനിയിലെ ചായക്കടയില്‍ നിന്നും പ്രതിയെ കണ്ടെത്തുമ്പോള്‍ പൊലീസിനു ആശ്വാസം. സബ് ഡിവിഷനിലെ പത്തോളം പൊലീസുകാര്‍, ഷാഡോ ടീം എന്നിവരടങ്ങുന്ന സംഘം രാവും പകലുമില്ലാതെ അധ്വാനിച്ചു. കൊല നടത്തിയ ശേഷം 9ന് രാവിലെ രഞ്ജിത്ത് ഫോണ്‍ ഉപേക്ഷിച്ച് മുങ്ങി.
വട്ടപ്പാറയിലെ ഒരു കടയിലെത്തി പുതിയ ഷര്‍ട്ട് വാങ്ങി. വഴിയില്‍ കണ്ട വ്യക്തിയുടെ ഫോണ്‍ വാങ്ങി സുഹൃത്തിനെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതു മാത്രമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുണ്ടായിരുന്ന വിവരങ്ങള്‍. ലോറികളില്‍ ലിഫ്റ്റ് ചോദിച്ചും വഴിയാത്രക്കാരോടു പണം വാങ്ങിയും തേനിയിലെത്തി എന്നാണ് പൊലീസ് പറയുന്നത്. ഇവിടെ ഒരു ചായക്കടയില്‍ ജോലി ഉറപ്പാക്കി. വീണ്ടും തിരുവനന്തപുരത്തേക്കു വന്നു. 19ന് രാവിലെ ജോലിയില്‍ പ്രവേശിക്കാന്‍ തേനിക്ക് പോയി. ബസില്‍ കയറുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചതാണ് പ്രതിയുടെ താവളത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
മായാ മുരളി തന്നെ ഉപേക്ഷിച്ചു വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി രഞ്ജിത്ത പറഞ്ഞു. ഓട്ടിസം ബാധിച്ച മായയുടെ മൂത്ത കുഞ്ഞിനെ ആശുപത്രിയില്‍ ഇരുവരും സന്ദര്‍ശിച്ച് മടങ്ങിയ 8ന് രാത്രിയാണ് മായയെ കൊലപ്പെടുത്തിയത്. മടക്കയാത്രയില്‍ തിരികെ കുട്ടികളുടെ അടുത്തേക്കു പോകുന്ന കാര്യം മായ സൂചിപ്പിച്ചിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ ഇരുവരും തമ്മില്‍ ഇതേചൊല്ലി വാക്കേറ്റമുണ്ടാവുകയും അത് മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. നെറ്റിയുടെ മധ്യഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെന്നു തിരിച്ചറിഞ്ഞതോടെ രഞ്ജിത്ത് പ്രതിയായി.
മുതിയാവിളയിലെ വാടക വീട്ടിലായിരുന്നു ഇരുവരുടെയും താമസം. ഈ മാസം 9ന് മായയെ മരിച്ച നിലയില്‍ വീടിനു സമീപത്തെ റബര്‍ പുരയിടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും 8ന് രാത്രി വഴക്കിട്ടു. ബന്ധം ഉപേക്ഷിച്ച് തിരിച്ച് തന്റെ വീട്ടിലേക്ക് പോകുമെന്ന് മായ പറഞ്ഞതോടെ പ്രകോപിതനായ രഞ്ജിത്ത് ക്രൂരമായി മര്‍ദിച്ചു. രക്ഷപ്പെടാന്‍ ഇറങ്ങി ഓടിയ മായയെ പിന്തുടര്ന്നെത്തി മുഖത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുന്‍പ് പല സ്ത്രീകള്‍ക്കൊപ്പവും കഴിഞ്ഞിരുന്ന രഞ്ജിത്ത് ഇവരെയും ക്രൂരമായി മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു