ഭീകരവാദികളുടെ മതം അക്രമത്തിന്റേത് മാത്രമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതവും ഭീകരവാദവും തമ്മില്‍ ഒരു ബന്ധവുമില്ല. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ കശ്മീരി ജനങ്ങള്‍ക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മതത്തെ തീവ്രവാദികള്‍ ദുരുപയോഗപ്പെടുത്തുന്നുവെന്ന് മുസ്ലീം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.
പെഗല്‍ഗാമിലുണ്ടായ അക്രമം അങ്ങേയറ്റം അപലപനീയമാണ്. രാജ്യം മുഴുവന്‍ ഏറെ വേദനയോടെയാണ് ഇത് കേട്ടത്. രാജ്യത്തിന്റെ സമാധാനത്തിന് ഭംഗം നേരിട്ടിരിക്കുകയാണ്. ടൂറിസം മേഖലയെ ലക്ഷ്യം വച്ചാണ് ഭീകരവാദികള്‍ അഴിഞ്ഞാടിയത് എന്നാണ് മനസിലാകുന്നത്. കോവിഡിന് ശേഷം ടൂറിസം മേഖല മെച്ചപ്പെട്ടു വരികയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുടെ തന്നെ ടൂറിസത്തെ ആകെ ബാധിക്കുന്ന രീതിയിലാണ് ഈ സംഭവങ്ങളെ ലോകം വിലയിരുത്തുക എന്നത് ആശങ്കാജനകമാണ് – സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ രാജ്യം ഒറ്റക്കെട്ടായി നില്ക്കും. ഇവിടെ രാഷ്ട്രീയമായ ഭിന്നിപ്പ് ഒന്നുമില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റാണിപ്പോള്‍ കശ്മീരിലുള്ളത്. ആ സര്‍ക്കാര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. തീവ്രവാദം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം. ഇത് വളരെ നിഷ്ഠൂരമായ പ്രവര്‍ത്തിയാണ് – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.