തിരുവനന്തപുരം: നടൻ ടൊവീനോ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് തെറ്റിദ്ധരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സെബാസ്റ്റ്യൻ പോൾ. ‘ടൊവീനോയുടെ കുറിപ്പ് തെറ്റായി മനസ്സിലാക്കിയതിൽ ഖേദിക്കുന്നുവെന്നും തന്റെ കുറിപ്പിൽ നിന്ന് ടൊവീനോയുടെ പേര് ഒഴിവാക്കുന്നു’ എന്നുമാണ് സെബാസ്റ്റ്യൻ പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജനാധിപത്യത്തോടുള്ള നടന്റെ പ്രതിബദ്ധത മനസ്സിലാക്കാൻ ഈ അവസരം മൂലം സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നു.
പോളിംഗ് ബൂത്തിൽ ആദ്യം എത്തി വോട്ട് ചെയ്തു എന്ന ടൊവീനോയുടെ പോസ്റ്റാണ് ആദ്യ വോട്ട് എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടത്. ‘ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായതെന്നായിരുന്നു’ സെബാസ്റ്റ്യന് പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ടൊവീനോയെ വിമർശിച്ച് സെബാസ്റ്റ്യൻ പോൾ കുറിപ്പിട്ടത്.
എന്നാൽ സംഭവത്തെക്കുറിച്ച് വിശദീകരണം നൽകി ടൊവീനോ ഫേസ്ബുക്കിൽ മറുപടി നൽകിയിരുന്നു. ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുതെന്നും ഇത്തവണ തന്റെ കന്നി വോട്ട് അല്ലെന്നും ടൊവിനോ വ്യക്തമാക്കി. വോട്ട് ചെയ്തതിനെക്കുറിച്ച് താന് ഇട്ട കുറിപ്പ് വിശദമാക്കുന്നത് തന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് താൻ ആണ് എന്നാണെന്നും ടൊവിനോ വിശദമാക്കിയിരുന്നു. ഇതിന് ശേഷമാണ് സെബാസ്റ്റ്യൻ പോളിന്റെ ഖേദപ്രകടനം.
സെബാസ്റ്റ്യൻ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ടോവിനോയുടെ കുറിപ്പ് തെറ്റായി മനസിലാക്കി പ്രതികരിച്ചതിൽ ഖേദിക്കുന്നു. ജനാധിപത്യത്തോടുള്ള ഈ യുവനടന്റെ പ്രതിബദ്ധത വിശദമാക്കാൻ ഈ തെറ്റ് അവസരമായി. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ എന്റെ കുറിപ്പിൽനിന്ന് ടൊവിനോയുടെ പേര് ഒഴിവാക്കുന്നു.