സംസ്ഥാന സാക്ഷരത മിഷന്റെ ഹയർസെക്കൻഡറി തുല്യത പഠിതാക്കൾക്കുള്ള പുസ്തകങ്ങൾ മഴയത്ത് നശിക്കുന്നു.മലപ്പുറം ടൗൺഹാളിന് പിറക് വശത്താണ് പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ആറുലക്ഷത്തോളം രൂപ മൂല്യമുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യാതെ നശിക്കുന്നത്.
ഹയർസെക്കൻഡറി തുല്യത പഠിതാക്കൾക്കുള്ള അക്കൗണ്ടൻസി,ബിസിനസ് സ്റ്റഡീസ്,ഗാന്ധിയൻ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങൾ ആണ് നശിക്കുന്നത്. ടൗൺഹാളിന് പിറകിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ നിലയിലാണ് പുസ്തകം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വേനൽ മഴയിൽ ഷീറ്റ് കീറി പുസ്തകങ്ങൾ വെള്ളത്തിൽ കുതിർന്നിട്ടുണ്ട്. സുരക്ഷിതമായ ഇടത്ത് പുസ്തകം സൂക്ഷിക്കാത്തതാണ് നശിക്കാൻ കാരണം.
അതേസമയം, ടൗൺഹാളിലെ ലൈബ്രറി കെട്ടിടത്തിലാണ് പുസ്തകം സൂക്ഷിച്ചിരുന്നത്.കെട്ടിടത്തിലെ അറ്റക്കുറ്റപണികൾക്കായാണ് പുസ്തകം ഇവിടെ നിന്നും മാറ്റിയത്.കുറച്ച് പുസ്തകങ്ങൾ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്, ബാക്കി ഉള്ളവ ഉടനെ തന്നെ മാറ്റും.പുസ്തകങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് സാക്ഷരത മിഷന്റെ വിശദീകരണം. എന്നാൽ സംഭവം വാർത്തയായതിന് പിന്നാലെ പുസ്തകങ്ങൾ ഇവിടെ നിന്നും മാറ്റി.