റേഷന്‍ പട്ടികയില്‍ നിന്നും അനര്‍ഹരെ പുറത്താക്കി സര്‍ക്കാരിന് കോടികളുടെ ലാഭം നേടിക്കൊടുത്ത ജീവനക്കാരിക്ക് മന്ത്രിമാരുടെ അഭിനന്ദന പ്രവാഹം. പരവൂര്‍ പൊഴിക്കര ഡിഎസ് വിഹാറില്‍ അജുസൈഗര് എന്ന ഉദ്യോഗസ്ഥ സര്‍ക്കാരിന് നേടിക്കൊടുത്തത് 600 കോടിയ്ക്കടുത്ത് രൂപയുടെ ലാഭമാണ്. കാര്‍ഡുടമകളുടെ മേല്‍വിലാസങ്ങള്‍ ഒത്തുനോക്കി അവര്‍ അര്‍ഹരാണോ എന്ന് കണ്ടെത്തി റേഷന്‍ കുരുക്കഴിക്കുന്ന സോഫ്റ്റ് വെയറും ഡാറ്റയും ചിട്ടപ്പെടുത്തിക്കൊണ്ടാണ് അജു മാതൃകയായത്.
50 ലക്ഷത്തില്‍പ്പരം മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍, 45 ലക്ഷത്തില്‍പ്പരം വാഹന ഉടമകള്‍, 90 ലക്ഷത്തിലധികം കെട്ടിട ഉടമകള്‍ എന്നിവരുടെ എല്ലാ മേല്‍വിലാസങ്ങളും ഒത്തുനോക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സര്‍ക്കാരിനുവേണ്ടി അജു ഏറ്റെടുത്തത്. വിലകൂടിയ വാഹനങ്ങള്‍ സ്വന്തമായുള്ള 4642 പാവപ്പെട്ടവരേയും 36670 അങ്ങേയറ്റം പാവപ്പെട്ടവരേയും കണ്ടെത്തി അജുവും സംഘവും പട്ടികയില്‍ നിന്ന് പുറത്താക്കി.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ നിന്നും ഡാറ്റ ശേഖരിച്ച് തറ വിസ്തീര്‍ണ്ണ വിവരങ്ങള്‍ ഒത്തുനോക്കി പട്ടികയില്‍ നിന്നും 19359 പാവപ്പെട്ടവരേയും 151111 മുന്ഗണനക്കാരേയും കണ്ടെത്തി പുറത്താക്കാനും അജുവിന്റെ സേവനങ്ങള്‍ കൊണ്ട് സര്‍ക്കാരിനായി. നിലവില്‍ ആകെ 5.62 ലക്ഷം കാര്‍ഡുകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാന്‍ അജുവിന്റെ സേവനങ്ങള്‍ കൊണ്ട് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ അനര്‍ഹരില്‍ നിന്നും ഒരു കിലോ അരിയ്ക്ക് 29.81 രൂപ വീതം തിരിച്ചുപിടിക്കാനാണ് നീക്കം നടക്കുന്നത്.
പെന്ഷന് വാങ്ങുന്ന പരേതരെയും അജുവിനും സംഘത്തിനും കണ്ടെത്താനായി. ക്ഷേമപെന്‍ഷനും സാമൂഹ്യ സുരക്ഷാപെന്‍ഷനും വാങ്ങുന്ന 47 ലക്ഷം പേരില്‍നിന്നും 4.5 ലക്ഷം അനര്‍ഹര്‍ പുറത്തായി.
അജുവിന്റെ സേവനങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക്കും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനും ഫേസബുക്കിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. ഗോത്ര ജനതയ്ക്കുള്ള സേവനങ്ങള്‍ ഓണ്‍ലൈനാക്കിയ അജുവിന്റെ ദൗത്യങ്ങള്‍ക്ക് മന്ത്രി എകെ ബാലനും അജുവിനെ അഭിനന്ദിച്ചിരുന്നു.