തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. യുവതിയും കാമുകനും സുഹൃത്തുമാണ് പൊലീസ് കസ്റ്റഡിയിലായത്. തൃശൂര്‍ വരിയം സ്വദേശികളായ മേഘ(22), ഇമ്മാനുവേല്‍(25) ഇവരുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്. മൂവരേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
അവിവാഹിതയായ മേഘയും ഇമ്മാനുവലും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗര്‍ഭിണിയായി. ഗര്‍ഭിണിയായതും പ്രസവിച്ചതും പക്ഷേ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ വേണ്ടി ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കുഞ്ഞിനെ യുവതിയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് കനാലല് ഉപേക്ഷിക്കുയായിരുന്നു. മൂവരെയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.
തൃശ്ശൂര്‍ പൂങ്കുന്നത്തിന് സമീപം എം.എല്‍.എ റോഡിലുള്ള കനാലില്‍ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം വലിയ കവറില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശാന്തി ഘട്ടില്‍ ബലിയിടാന്‍ എത്തിയവര്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണത്തിലാണ്.