കോഴിക്കോട്: ജില്ലയിലെ പരിസ്ഥിതി ദുര്‍ബല മേഖകളില്‍ ഭൂവിനിയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് CWRDM നേതൃത്വത്തിലുളള സംഘത്തിന്റെ റിപ്പോര്‍ട്ട്. ജില്ലയില്‍ മണ്ണിടിച്ചിലുണ്ടായ എട്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിലങ്ങാട് നാല് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിന് കാരണം പ്രദേശത്ത് പെയ്ത അതിശക്തമായ മഴയെന്നും റിപ്പോര്‍ട്ടിലുണ്ട്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടാവുകയും പൈപ്പിംഗ് പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്യപ്പടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ ദുരന്തബാധിത മേഖകളില്‍ പഠനം നടത്താന്‍ സിഡബ്ല്യുആര്‍ഡിഎം, ജിയോളജി വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ് എന്നീ ഏജന്‍സികളെ ചുമതലപ്പെടുത്തിയത്.
ഉരുള്‍പൊട്ടലില്‍ നാല് പേര് മരിച്ച വിലങ്ങാട്, ഭൂമി വിണ്ടുകീറിയ നരിപ്പറ്റ പഞ്ചായത്ത്, പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയ കാരശേരി പഞ്ചായത്തിലെ പൈക്കാടന്‍മല എന്നിവിടങ്ങളുള്‍പ്പെട എട്ട് കേന്ദ്രങ്ങളില്‍ സംഘം പരിശോധന നടത്തി. ഓഗസ്റ്റ് 8,9,10 തീയതികളില്‍ പെയ്ത കനത്ത മഴയാണ് വിലങ്ങാട്ടെ ഉരുള്‍പൊട്ടലിന് കാരണമായതെന്ന് സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിലങ്ങാട് ഉള്‍പ്പെടെ വടകര മേഖലയില്‍ ഒരു ദിവസം 300മീല്ലീമീറ്റര് വരെ മഴ പെയ്തു. നരിപ്പറ്റ പഞ്ചായത്തില്‍ ഭൂമി വിണ്ടുകീറിയ ഭാഗത്ത് ദുരന്ത സാധ്യതയുളളതായി സംഘം പറയുന്നു. മഴ തുടര്‍ന്നാല്‍ ഇവിടെ മണ്ണിടിച്ചിലുണ്ടാകാം. ഈ സാഹചര്യത്തില്‍ ഇവിടെ താമസിക്കുന്ന 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. കാരശേരി പഞ്ചായത്തിലെ പൈക്കാടന്‍മലയിലെ പൈപ്പിംഗ് പ്രതിഭാസം സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണ്.
ഇത് തുടര്‍ന്നാല്‍ പരിസരത്തുളളവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ജില്ലയിലെ 13.44 ശതമാനം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെന്ന് നേരത്തെ സെസ് സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളിലെ തട്ടുതിരിച്ചുളള കൃഷി, ഖനനം ഉള്‍പ്പടെ എല്ലാ ഭൂവിനിയോഗങ്ങളിലും നിയന്ത്രണം കൊണ്ടുവരണമെന്നും സംഘം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.