കോതമംഗലം: ദുരൂഹ സാഹചര്യത്തില്‍ സമീപവാസിയുടെ വീടിന്റെ ടെറസിന് മുകളില്‍ മധ്യവയസ്ക്കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമയേ പൊലിസ് കസ്റ്റഡിയിലെടുത്തു. പോത്താനിക്കാട് പോലീസ് സ്റേറഷന് പരിധിയില്‍ പുളിന്താനം മാനിക്കപ്പീടിക കുഴിപ്പിള്ളില്‍ പ്രസാദ് (46) ആണ് മരിച്ചത്. ഇന്ന് വെളുപ്പിനെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തേത്തുടര്‍ന്ന് വീട്ടുടമ സജീവിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
പ്രസാദിന്റെ നെറ്റിയിലും തുടയിലും വെടിയേറ്റ പാടുകളുണ്ട്. സമീപത്ത് എയര്‍ഗണ്‍ തല്ലിത്തകര്ത്തിട്ട നിലയിലും കാണപ്പെട്ടു. മലര്‍ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം. ലുങ്കിയും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലാണ്. സജിവിന്റെ വീടിന്റെ പുറമെ നിന്നുമാണ് റൂഫ് മേഞ്ഞ ടെറസിലേക്കുള്ള സ്റ്റെപ്പ്. രണ്ട് വെടിയേറ്റ അടയാളങ്ങള്‍ കണ്ടെത്തിയതും തോക്ക് തല്ലിത്തകര്‍ത്ത നിലയില്‍ കാണപ്പെട്ടതും ദുരൂഹതകള്‍ക്കിടയാക്കിയിട്ടുണ്ട്.
കല്‍പ്പണിക്കാരനായ പ്രസാദ് നാളുകളായി മറ്റ് ജോലികള്‍ക്കു പോവാതെ പലതരം ബിസിനസ് ചെയ്യുന്ന സജീവിനൊപ്പം സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകീട്ട് സജീവും പ്രസാദും ഒരുമിച്ച് മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. രാത്രി ഒമ്പതോടെ പ്രസാദിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടതായാണ് സജീവ് പോലിസില്‍ മൊഴി നല്‍കിയിട്ടുള്ളത്. രാത്രിയില്‍ ടെറസിന്റെ മുകളില്‍നിന്നും ശബ്ദം കേട്ടതായി സജിവിന്റെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം ഭര്‍ത്താവ് മദ്യലഹരിയിലുറങ്ങുകയായിരുന്നതിനാലാണ് വിളിച്ചുണര്‍ത്തി നോക്കാത്തതെന്നും അവര്‍ പറഞ്ഞു. പോത്താനിക്കാട് സിഐ ജി സുരേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു.