തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ വീണ്ടും നവജാതശിശു മരിച്ചു. കടുത്ത ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് രാവിലെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒൻപതര മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 6 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. ഫെബ്രുവരി 28ന് ഒരു കുഞ്ഞ് കൂടി ഇവിടെ മരിച്ചിരുന്നു.
ഒരാഴ്ച മുൻപായിരുന്നു കുഞ്ഞ് എസ്എടി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ശിശുക്ഷേമ സമിതിയിലേക്ക് തിരികെ എത്തിയത്. പിന്നീട് ഇന്ന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിക്കുകയായിരുന്നു.
അതേസമയം, കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ ശിശുക്ഷേമ സമിതിയിൽ നിന്ന് കുട്ടികളെ മറ്റൊരു സ്ഥലത്ത് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.