തൃശൂര്‍: പഠന യാത്രയ്ക്കു പോയ 39 മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങി. തൃശൂര്‍ മണ്ണുത്തി ഡയറി സയന്‍സ് കോളജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥികളാണു ടൂര്‍ ഏജന്റിന്റെ തട്ടിപ്പിനിരയായത്. എട്ട് ലക്ഷത്തിലധികം രൂപ അഡ്വാന്‍സ് വാങ്ങിയ തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന സ്ഥാപനത്തിനെതിരെ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്കി.
രണ്ട് അധ്യാപകരും ഒരു അനധ്യാപികയും ഉള്‍പ്പെടുന്ന സംഘം 18നാണു ഡല്‍ഹിയിലെത്തിയത്. ഇന്നലെ ഹരിയാനയിലെ കര്‍ണാലിലേക്കു പോകാനിരിക്കെയാണു ഹോട്ടലില്‍ പണം അടച്ചിട്ടില്ലെന്ന് അറിഞ്ഞത്. ഇറക്കി വിടുമെന്നായതോടെ 86,000 രൂപ വിദ്യാര്‍ഥികള്‍ സ്വന്തം കൈയില്‍ നിന്നു നല്കി. മൂന്ന് ദിവസം ഡല്‍ഹി സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച ബസിനുള്ള 70,000 രൂപയും നല്‍കിയിരുന്നില്ല. പല തവണ ടൂര്‍ ഏജന്‍സി ഉടമ അരുണിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫാണ്. തിരുവനന്തപുരത്തെ ഓഫീസും അടച്ചിട്ടിരിക്കുകയാണ്. യാത്ര പുറപ്പെട്ട ദിവസം അരുണ്‍ കോളജിലെത്തിയിരുന്നു. ടൂര്‍ ഗൈഡായ ആള്‍ക്കു കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. തിരുവനന്തപുരത്തെ വീട്ടില്‍ മൂന്ന് ദിവസമായി അരുണ്‍ എത്തിയിട്ടില്ലെന്നും അറിയുന്നു.
23 ദിവസത്തെ യാത്രയില്‍ അമൃത്സര്‍, മണാലി, ഡെറാഡൂണ്‍, ഡല്‍ഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണു പദ്ധതി. തട്ടിപ്പ് അറിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇവര്‍ക്ക് കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി. കേരള ഹൗസ് അധികൃതര്‍ ഹരിയാനയിലെ കര്‍ണാല്‍ വരെ യാത്രയ്ക്കു സൗകര്യവുമൊരുക്കി. അതേസമയം ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന ട്രാവല്‍ ഏജന്‍സി അംഗത്വമെടുത്തിട്ടില്ലെന്ന് ട്രാവല്‍- ടൂറിസം മേഖലയിലെ ഔദ്യോഗിക സംഘടനകള്‍ അറിയിച്ചു. ഏജന്‍സിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കാന്‍ ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപവല്‍ക്കരിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും പറഞ്ഞു.