തിരുവനന്തപുരം: അവിനാശി അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. അപകട കാരണം ടയര്‍ പൊട്ടിയല്ലെന്ന് വ്യക്തമായിട്ടുണ്ട്. ടയര്‍ പൊട്ടിയാണ് അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും മന്ത്രി പറഞ്ഞു. കണ്ടയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും. ചൊവ്വാഴ്ച റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. തമിഴ്നാടിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരേ പോലീസ് കേസെടുത്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നടപടി. ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നും പോലീസ് അറിയിച്ചു. ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസില്‍ കീഴടങ്ങിയിരുന്നു. കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് എതിര് ദിശയില്‍ വന്ന ബസിലിടിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.