തിരുവനന്തപുരം: മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതില്‍ പരാതി കിട്ടിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു. ഇന്നലെ രാവിലെയാണ് മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ ഒരുസംഘം മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴുമണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരിച്ചറിയില്‍ കാര്‍ഡുണ്ടായിട്ടും ജോലി ചെയ്യാനനുവദിക്കാതെ ഫോണുകളും ക്യാമറകളും പിടിച്ചുവാങ്ങി മാധ്യമസംഘത്തെ ബസില്‍ ഇരുത്തുകയായിരുന്നു.
മംഗളൂരു വെടിവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സുക്ഷിച്ച വെന്‍ലോക്ക് ആശുപത്രിയുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്കെത്തിയ കമ്മീഷണര്‍ പി ഹര്‍ഷ ഇവരുടെ റിപ്പോര്‍ട്ടിംഗ് തടസ്സപ്പെടുത്തി ബലംപ്രയോഗിച്ച് ബസില്‍ കയറ്റുകയായിരുന്നു. കര്‍ണാടക പൊലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉടലെടുത്തിരുന്നു. വഴിക്കടവിൽ കർണ്ണാടക ആർടിസി ബസ് ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയും വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കർണാടക ബസുകൾ തടയുകയും ചെയ്തു. മാനന്തവാടിയിലും തിരുവനന്തപുരത്തും കർണാടകത്തിലേക്കുള്ള ബസ് തടഞ്ഞു.