വിജിലൻസ് അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുളള എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പിവി അൻവർ. അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും പിവി അൻവർ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.സോളാർ കേസ് അട്ടിമറിക്കാൻ കിട്ടിയ പണം ഉപയോഗിച്ച് എഡിജിപി ഫ്ലാറ്റ് വാങ്ങിയെന്നും അൻവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സോളാർ കേസ് അട്ടിമറിക്കാൻ എം ആർ അജിത് കുമാർ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളിൽ നിന്ന് കൈ പറ്റി. എങ്ങനെ ആണ് ഒരു പൊലീസ് ഓഫീസർ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ നേർ രേഖ കൈവശമുണ്ട്. സോളാറിൽ കൈക്കൂലിപ്പണം വാങ്ങിയത് ഫ്ലാറ്റിടപാടിലൂടെയാണ്.എഡിജിപി അധികാര ദുർവിനിയോഗം നടത്തിയെന്ന് പിവി അൻവർ പറയുന്നു. ഒന്നിൽ കൂടുതൽ വീട് വാങ്ങാൻ ഡിപ്പാർട്ട്മെൻ്റ് അനുമതി വേണമെന്നിരിക്കെയാണ് ഫ്ലാറ്റ് വാങ്ങിയത്. വിഷയം വിജിലൻസ് അന്വേഷിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ കൂടി വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഇന്ന് തന്നെ കത്ത് നൽകുമെന്ന് അൻവർ വ്യക്തമാക്കി. കാണാതായ മാമിടെ പക്കൽ എഡിജിപിയുടെ പണം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.