തിരുവനന്തപുരം: കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന പ്രതികളിലൊരാളായ ഷിയാസ് പിടിയില്‍. കിളിമാനൂരില്‍ വച്ചാണ് ഷിയാസ് പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളുടെ കാർ കിളിമാനൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കരീലകുളങ്ങര സ്വദേശി ഷമീർ ഖാനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…
രാത്രി പതിനൊന്നരയോടെ കരീലകുളങ്ങരയിൽ നിന്നും ഷമീർ ഖാനും സംഘവും ദേശീയപാതയോടെ ചേർന്ന ഹൈവേ പാലസ് ബാറിലെത്തുന്നു. ബാറിന്റെ പ്രവർത്തനസമയം കഴിഞ്ഞെന്നും മദ്യം നൽകാനാവില്ലെന്നും ജീവനക്കാർ അറിയിച്ചു. എന്നാൽ മദ്യം ആവശ്യപ്പെട്ട് ജീവനക്കാരും ഷമീർ ഖാനുമായി തർക്കമുണ്ടായി.
ഈസമയം ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികളും തർക്കത്തിൽ ഇടപെട്ടു. പീന്നീട് ഇരുസംഘങ്ങളും തമ്മിൽ കയ്യാങ്കളിയായി. പ്രതികളിൽ ഒരാൾ ഷമീർ ഖാന്റെ മുഖത്ത് ബീയർ കുപ്പി കൊണ്ട് അടിച്ചു. ഇതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ, മറ്റൊരു പ്രതി കാർ മുന്നോട്ട് എടുത്ത് ഷമീറിനെ ഇടിച്ചുവീഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റി ഇറക്കി. സംഭവസ്ഥലത്ത് വച്ച് തന്നെ ഷമീർ കൊല്ലപ്പെട്ടു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ സ്ഥലംവിട്ടിരുന്നു.
കൊലനടന്ന സ്ഥലത്ത് നിന്ന് കാറിന്റെ നമ്പർ പ്ലേറ്റ് പൊലീസിന് കിട്ടി. ഇതേതുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പൊലീസിന് കിട്ടിയത്. കായംകുളം നഗരത്തിൽ തന്നെയുള്ള സംഘമാണ് കൊലനടത്തിയത്. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണ് പ്രതികൾ. വിദേശത്തായിരുന്ന ഷമീർ ഖാൻ കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. വിവാഹം ഉറപ്പിച്ചതിന്റെ സൽകാരത്തിനാണ് സുഹൃത്തുക്കളുമായി ബാറിലെത്തിയത്. ഷമീറിന്റെ മൃതദേഹം പൊലീസ് കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.