കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയത്.കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തിരച്ചിൽ അനിശ്ചിതത്വത്തിലാണെന്നും തിരച്ചിൽ ഊർജിതമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. യുദ്ധാടിസ്ഥാനത്തിലുള്ള ഒഴിപ്പിക്കൽ, ഭൂഗർഭ രക്ഷാപ്രവർത്തനങ്ങൾ, കൂടാതെ മുഴുവൻ സൈന്യത്തിൻ്റെയും കോടതിയുടെയും അടിയന്തര ഇടപെടൽ എന്നിവ ഈ ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം ഷുരൂരിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ നാവിക സേന സംഘം എത്തി.ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ച് രണ്ട് ജെസിബികൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. രക്ഷാദൗത്യത്തിനായി ഉച്ചയോടെ സൈന്യവുമെത്തും. ഇതിനിടെ പ്രദേശത്ത് മഴ കനക്കുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.