കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാനമന്ത്രി തന്നെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. ഒരു മണിക്കൂറിനുള്ളിൽ അര്‍ജുന്റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.രാവിലെ 11ഓടെ സൈന്യം സ്ഥലത്ത് എത്തും. കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തും.