അപകടകരമായ വിധത്തിലെ ബൈക്ക് റേസും മത്സരയോട്ടവും തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടികളിലേക്ക്. നാളെ മുതല്‍ രണ്ടാഴ്ച വിവിധയിടങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തും. പതിവായി മത്സര ഓട്ടങ്ങളും അഭ്യാസങ്ങളും നടക്കുന്നതായി പരാതി ലഭിച്ച ഇടങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും പൊതു നിരത്തുകളിലും പരിശോധന നടത്തും.
കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കോവളം ബൈപ്പാസില്‍ റേസിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് റേസിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം മുക്കോലയില്‍ കല്ലുവെട്ടാം കുഴിക്ക് സമീപത്താണ് അപകടമുണ്ടാകുന്നത്.
അപകടമുണ്ടായ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിവായി ബൈക്ക് റേസ് നടക്കുന്ന സ്ഥലമാണ് മുക്കോലയെന്ന് പ്രദേശ വാസികള്‍ പറയുന്നത്. ഒന്നര വര്‍ഷത്തിനിടെ ഒന്‍പത് അപകടമരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.