ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്വകാര്യ ബില്‍ എന്‍ കെ പ്രേമചന്ദ്രന് എംപി ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേല് ചര്‍ച്ച എന്ന് നടക്കുമെന്ന് പിന്നീട് തീരുമാനിക്കും. പതിനേഴാം ലോക്സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എന്‍കെ പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. ശബരിമല ശ്രീധര്‍മശാസ്ത്ര ക്ഷേത്ര ബില്‍ എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കുന്നത്.
ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന് നിര്‍ദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം തടയാന്‍ ലോക്സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന് അനുമതി തേടിയത്.
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി. വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം തടയാന്‍ ബില്ല് കൊണ്ടുവരുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. ബില്ലിന്മേല് ബിജെപി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. ബില്ലിനെക്കുറിച്ച് പഠിക്കാന്‍ ബിജെപി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്