മുംബൈ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന ബിഹാര്‍ സ്വദേശിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ബിനോയ് ആണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് പൊലീസ് പറയുന്നത്.
ഡിഎൻഎ സാമ്പിൾ എടുക്കാൻ ബിനോയിയെ കസ്റ്റഡിയിൽ എടുക്കണം. ബിനോയ് ഒളിവിൽ ആയതിനാൽ അന്വേഷണം മുന്നോട്ടു നീങ്ങുനില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രതിഭാഗം ഡിഎന്‍എ പരിശോധനയെ കോടതിയില്‍ എതിര്‍ത്തു. യുവതിയുടെ പരാതി വ്യാജമായതിനാൽ ഡിഎൻഎ പരിശോധനയുടെ ആവശ്യമില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
അതേസമയം ബിനോയ് കോടിയേരി നൽകിയ ജാമ്യഹർജി വിധി പറയാനായി മുംബൈ കോടതി മാറ്റിവച്ചു. മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ബിനോയ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകൾ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്ന് ബിനോയ് കോടിയേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.