കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തര ധനസഹായം നൽകും. സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് ധനസഹായത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
മഴ പെയ്തപ്പോൾ കയറി നിന്ന കടയുടെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരൻ മരിച്ചത്. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.സംഭവത്തിൽ സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് കെഎസ്ഇബി കണ്ടെത്തിയിരുന്നു. തലേ ദിവസം പകൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.