പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മര്‍ദനം. സീനിയര്‍ സിപിഒ അനില്‍ കുമാറിനാണ് മര്‍ദ്ദനം ഏറ്റത്. ഡ്യൂട്ടി കഴിഞ്ഞ് പോകും വഴി ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡ് തടഞ്ഞ് തടിലോറി നിര്‍ത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അത്തിക്കയം സ്വദേശി അലക്സ്, സച്ചിന് എന്നിവരെ അറസ്റ്റ് ചെയ്തു.
തടി ലോറി ഓടിച്ചിരുന്ന വ്യക്തികളാണ് അലക്സും സച്ചിനും. ഇവര്‍ നേരത്തെയും പൊലീസുമായി പ്രശ്നം ഉണ്ടാക്കിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയാണ് റോഡിന് കുറുകെ ലോറിയിട്ട് തടി കയറ്റുന്നത് അനില്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ടായിരുന്നു തടി കയറ്റല്‍. തുടര്‍ന്ന് ഇത് സിപിഒ അനില്‍ കുമാര്‍ ചോദ്യം ചെയ്യുകയും ഇവര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വന്ന പെരുനാട് സിഐക്ക് നേരെയും കൈയ്യേറ്റം ഉണ്ടായി. പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.