തൃശൂർ ചാലക്കുടിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ ആംബുലൻസ് അടിച്ചു തകർത്തെന്ന് പരാതി. കൂടപ്പുഴ സ്വദേശി ഷിൻ്റോ സണ്ണിയാണ് അക്രമം നടത്തിയത്. പ്രതിയെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഷിന്റോയുടെ സഹോദരൻ സാന്റോയെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് എത്തിയപ്പോൾ അക്രമാസക്തനാവുകയായിരുന്നു.
സാന്റോയുടെ പരുക്ക് ഗുരുതരമായതിനാൽ ചാലക്കുടിയിലെ സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദേശിച്ചത്. തുടർന്ന് രോഗിയെ മാറ്റാനായി എത്തിയതായിരുന്നു ആംബുലൻസ്. താലൂക്ക് ആശുപത്രിയുടെ ആംബുലൻസാണ് അടിച്ചു തകർത്തത്. ഷിന്റോ മദ്യലഹരിയിലായിരുന്നു. ഒരു വശത്തെ ഗ്ലാസ് പൂർണമായി അടിച്ചുതകർക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഷിൻ്റോയെ ചാലക്കുടി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലാണ് ഷിന്റോ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.