തിരുവനന്തപുരം: കോളേജുകളിലെ അധ്യയന സമയം മാറ്റുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. പത്തുമുതല്‍ നാലുവരെയെന്ന നിലവിലെ രീതി രാവിലെ എട്ടുമുതല്‍ ഒരുമണി വരെ എന്ന രീതിയിലേക്ക് മാറ്റാനാണ് പരിഗണന. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാറിലാണ് ഇക്കാര്യം മന്ത്രി വിശദമാക്കിയത്. വിദേശ സര്‍വ്വകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ തുടങ്ങും. കൂടുതല്‍ പഠന സമയം ലഭിക്കാന്‍ ഈ രീതി സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഉച്ച കഴിഞ്ഞ് പഠനത്തോടൊപ്പം ജോലി ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമാവും. വിദ്യാർഥികളുടെ പഠനച്ചെലനവ് അവർക്ക് തന്നെ വഹിക്കാനും പഠിച്ചിറങ്ങുമ്പോൾ തന്നെ സ്വയം പര്യാപ്തത കൈവരിക്കാനും കഴിയുന്ന സാഹചര്യമുണ്ടാവുമെന്നും മന്ത്രി പറയുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വക്കാനും വിദ്യാര്‍ഥികള്‍ക്ക് സമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവേഷണത്തിലേക്ക് തിരിയാന്‍ താല്പര്യപ്പെടുന്നവര്ക്കും ഈ സമയം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.